ഹോർമുസ് തുറന്നാലും ആശ്വാസം ഉടൻ ലഭിക്കില്ല; കപ്പൽഗതാഗതം സാധാരണ നിലയിലാകാൻ ആഴ്ചകൾ
കൊച്ചി: ഹോർമുസ് കടലിടുക്ക് തുറന്നാലും ആഗോള കപ്പൽഗതാഗതം പൂർണമായി സാധാരണ നിലയിലാകാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത ശേഷമേ വാണിജ്യ, യാത്രാകപ്പലുകളുടെ പൂർണതോതിലുള്ള സർവീസ് പുനരാരംഭിക്കാൻ കഴിയൂ.
ഹോർമുസ് തുറക്കുന്നതോടെ ആഗോള ചരക്കുനീക്കത്തിന് ആശ്വാസമാകുമെങ്കിലും യുദ്ധസാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയ അധിക ചെലവുകൾ ഉടൻ കുറയില്ല. 'വാർ റിലേറ്റഡ് റിസ്ക് സർചാർജ്' എന്ന പേരിൽ ദുബായ് തുറമുഖത്തേക്കുള്ള 20 അടി കണ്ടെയ്നറിന് 2,000 ഡോളർ വരെ അധികമായി ഈടാക്കിയിരുന്നു. പ്രതിസന്ധി അവസാനിക്കുന്നതോടെ ഈ നിരക്കുകൾ ക്രമേണ കുറയും.
പശ്ചിമേഷ്യയിലെ സംഘർഷം കയറ്റുമതി വ്യവസായികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. വിവിധ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന കണ്ടെയ്നറുകൾക്കുള്ള ഡിറ്റൻഷൻ, ഡെമറേജ് നിരക്കുകളായി ഈടാക്കുന്ന അധിക തുകയിൽ നിന്നും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ. വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയവും കുറയുമെങ്കിലും നിരക്കുകൾ പഴയ നിലയിലേക്ക് എത്താൻ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.
What's Your Reaction?



