മുത്തങ്ങ കേസ്: പൊലീസ് കോൺസ്റ്റബിൾ വിനോദിന്റെ കൊലക്കേസിൽ എം ഗീതാനന്ദൻ കുറ്റവിമുക്തൻ; വധശ്രമക്കേസിൽ നാല് പേർക്ക് ശിക്ഷ

Jul 31, 2026 - 13:27
Jul 31, 2026 - 13:28
 0
മുത്തങ്ങ കേസ്: പൊലീസ് കോൺസ്റ്റബിൾ വിനോദിന്റെ കൊലക്കേസിൽ എം ഗീതാനന്ദൻ കുറ്റവിമുക്തൻ; വധശ്രമക്കേസിൽ നാല് പേർക്ക് ശിക്ഷ

കൽപറ്റ: 2003ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദൻ കുറ്റവിമുക്തനായി. കേസിലെ 23 മുതൽ 57 വരെ പ്രതികൾക്കെതിരായ കുറ്റങ്ങളും തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി അവരെയും വെറുതെവിട്ടു. സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ അന്തിമവിധി പുറപ്പെടുവിച്ചത്.

സിബിഐ അന്വേഷിച്ച കേസിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ് ഖാനാണ് വിധി പ്രസ്താവിച്ചത്. അതേസമയം, മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലെ തടവുശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.

2003 ഫെബ്രുവരി 19-നാണ് കേരളത്തെ നടുക്കിയ മുത്തങ്ങ സംഭവം നടന്നത്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്നാരോപിച്ച് ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി സമരം ആരംഭിക്കുകയായിരുന്നു. സമരം ഒഴിപ്പിക്കാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ ഉണ്ടായ സംഘർഷത്തിനിടെയാണ് കണ്ണൂർ കൊയ്യം സ്വദേശിയായ കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ടത്. അതിനുശേഷം രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇപ്പോൾ കോടതി അന്തിമവിധി പ്രസ്താവിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow