ശബരിമലയിൽ ഇനി വല്ല സ്വർണ്ണവും ബാക്കിയുണ്ടോ?; സ്വർണ്ണക്കൊള്ള കേസിൽ സുപ്രീം കോടതിയുടെ രൂക്ഷമായ ചോദ്യം
കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒൻപതിലേക്ക് മാറ്റി
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസ് പരിഗണിക്കവെ ദേവസ്വം ബോർഡിനെയും പ്രതികളെയും അമ്പരപ്പിച്ച് സുപ്രീം കോടതിയുടെ ചോദ്യം. "ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണ്ണം അവശേഷിക്കുന്നുണ്ടോ?" എന്നായിരുന്നു ജസ്റ്റിസ് സതീശ് ചന്ദ്രശർമ്മയുടെ പരാമർശം. കേസിന്റെ വിശദാംശങ്ങൾ കേൾക്കുമ്പോൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒൻപതിലേക്ക് മാറ്റി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്ത് പ്രതിയായ എസ്. ജയശ്രീക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, കേസിലെ മറ്റ് പ്രതികൾക്ക് യാതൊരു ഇളവും നൽകില്ലെന്ന സൂചനയും കോടതി നൽകിയിട്ടുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
താങ്കൾ സ്വർണ്ണം പൂശുന്ന ജോലിയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ പങ്കജ് ഭണ്ഡാരി, മംഗൾയാൻ, ചന്ദ്രയാൻ തുടങ്ങിയ പ്രമുഖ ദൗത്യങ്ങളിൽ സ്വർണ്ണം പൂശിയ തനിക്ക് ഇത് മോഷ്ടിക്കേണ്ട സാഹചര്യം ഇല്ലെന്ന് വാദിച്ചു. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും താൻ ഒരു പ്രശസ്തമായ കമ്പനി നടത്തുന്ന വ്യക്തിയാണെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്.
What's Your Reaction?