യു.എസിൽ 'ബോംബ് സൈക്ലോൺ' പ്രതിഭാസം; പത്തു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച, ജനജീവിതം സ്തംഭിച്ചു
ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നിലച്ചതോടെ ദശലക്ഷക്കണക്കിന് ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്
വാഷിങ്ടൻ: അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മഞ്ഞുവീഴ്ചയെത്തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നിലച്ചതോടെ ദശലക്ഷക്കണക്കിന് ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാലയങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.
ന്യൂയോർക്ക്, ബോസ്റ്റൺ, ന്യൂജേഴ്‌സി വിമാനത്താവളങ്ങൾ ഉൾപ്പെടെ യുഎസിലുടനീളം അയ്യായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ഏകദേശം 4.5 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
പലയിടങ്ങളിലും രണ്ട് അടിയിലധികം മഞ്ഞ് അടിഞ്ഞുകൂടി. റോഡ് ഐലൻഡിലെ വാർവിക് എന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ (3 അടിയിലധികം) മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ വായുമർദ്ദം കുത്തനെ ഇടിയുന്ന ‘ബോംബ് സൈക്ലോൺ’ എന്ന പ്രതിഭാസമാണ് ഇത്രയും ശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ഈ ആഴ്ച അവസാനത്തോടെ മറ്റൊരു മഞ്ഞുവീഴ്ച കൂടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശിച്ചു.
What's Your Reaction?