ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ - ദ നർക്കോ ഹണ്ട്'; ജൂൺ ഒന്ന് മുതൽ ശക്തമായ ജനകീയ ക്യാമ്പയിനുമായി രമേശ് ചെന്നിത്തല

May 23, 2026 - 13:36
May 23, 2026 - 13:36
 0
ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ - ദ നർക്കോ ഹണ്ട്'; ജൂൺ ഒന്ന് മുതൽ ശക്തമായ ജനകീയ ക്യാമ്പയിനുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് പുതിയ കർമപദ്ധതി പ്രഖ്യാപിച്ചു. 'ഓപ്പറേഷൻ തുഫാൻ– ദ നാർക്കോ ഹണ്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ ബൃഹത്തായ പദ്ധതി ജൂൺ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്നും മയക്കുമരുന്ന് കടത്തിന്റെ അന്തർസംസ്ഥാന ശൃംഖല തകർക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി നേരിട്ട് ബന്ധപ്പെട്ട് സംയുക്ത നീക്കം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കെമിക്കൽ ലഹരിവസ്തുക്കൾ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണനം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനൊപ്പം സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.

ലഹരിവിരുദ്ധ പോരാട്ടത്തിനൊപ്പം തന്നെ കേരളത്തിലെ 484 പോലീസ് സ്റ്റേഷനുകളുടെയും പ്രവർത്തന ശൈലിയിൽ സമൂലമായ മാറ്റം വരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സാധാരണക്കാരുടെ പരാതികൾ കൃത്യമായി കേൾക്കാനും പരിഹരിക്കാനും സംവിധാനമൊരുക്കും. സ്റ്റേഷനുകളിലെത്തുന്ന പൊതുജനങ്ങളെ കുറ്റവാളികളെപ്പോലെ കാണുന്ന സമീപനം അനുവദിക്കില്ല. കൂടാതെ, പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വർഷങ്ങളായി തുരുമ്പെടുത്ത് കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നിയമപരമായി വേഗത്തിൽ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രധാന ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്ത ശേഷം മന്ത്രി കൂട്ടിച്ചേർത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow