ബംഗ്ലാദേശിൽ ഹിന്ദു യുവതിക്ക് നേരെ ക്രൂരത: കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിയിട്ടു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
പീഡനത്തിന് ശേഷം യുവതിയെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നതിനിടെ, 40 വയസ്സുകാരിയായ ഹിന്ദു യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. മധ്യ ബംഗ്ലാദേശിലെ കാളിഗഞ്ചിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പീഡനത്തിന് ശേഷം യുവതിയെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
രണ്ട് വർഷം മുൻപ് ഷാഹിൻ എന്നയാളിൽ നിന്ന് യുവതി ഭൂമിയും വീടും വാങ്ങിയിരുന്നു. ഇതിന് ശേഷം ഷാഹിനും സഹോദരനും യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഷാഹിനും സുഹൃത്തും ചേർന്ന് ഇവരെ പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചതോടെയാണ് യുവതിയെ വീടിന് പുറത്തുള്ള മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചത്.
നാട്ടുകാരാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. ഭയം കാരണം ആദ്യം പരാതി നൽകാൻ മടിച്ചെങ്കിലും പിന്നീട് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.
ബംഗ്ലാദേശിൽ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഖോകോൺ ചന്ദ്ര ദാസ് എന്ന വ്യാപാരിയെ അക്രമികൾ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലദേശ് സർക്കാർ ആവർത്തിക്കുമ്പോഴും അതിക്രമങ്ങൾക്ക് കുറവില്ലെന്നതാണ് നിലവിലെ സാഹചര്യം.
What's Your Reaction?

