അടൂരിൽ യുവതിയുടെ ആത്മഹത്യ; മതം മാറാൻ ഭീഷണിപ്പെടുത്തിയെന്ന് കണ്ടെത്തൽ, ആൺസുഹൃത്ത് അറസ്റ്റിൽ
അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തായ അരുൺ കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ഷഹനയെ മതം മാറാൻ ഭീഷണിപ്പെടുത്തിയതായും, മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
തന്നെ വിവാഹം കഴിക്കണമെന്ന് അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷഹന അത് എതിർത്തിരുന്നു. അരുൺ കുമാറിന്റെ പെരുമാറ്റം മനസ്സിലാക്കിയതോടെയാണ് ഷഹന വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും, ഇതിനെ തുടർന്ന് ഇയാൾ ഷഹനയെ മർദിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന ഷഹനയെ ജൂലൈ 13-നാണ് വീട്ടിലെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അരുൺ കുമാറും വീട്ടിലുണ്ടായിരുന്നു.
ആദ്യഘട്ടത്തിൽ കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അരുൺ കുമാറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് നടപടി സ്വീകരിച്ചത്.
What's Your Reaction?



