മലയാള സർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് പൂട്ട്; കൂട്ടം കൂടാനോ മുദ്രാവാക്യം വിളിക്കാനോ പാടില്ലെന്ന് ഉത്തരവ്

May 25, 2026 - 10:39
May 25, 2026 - 10:40
 0
മലയാള സർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് പൂട്ട്; കൂട്ടം കൂടാനോ മുദ്രാവാക്യം വിളിക്കാനോ പാടില്ലെന്ന് ഉത്തരവ്

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കർശന നിർദേശത്തെത്തുടർന്നാണ് സർവകലാശാല അധികൃതരുടെ ഈ നടപടി. ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും വിലക്ക് ലംഘിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും പുതിയ പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, സർവകലാശാലയുടെ ഈ തീരുമാനത്തിനെതിരെ ക്യാമ്പസിൽ പ്രതിഷേധം പുകയുകയാണ്. ഗവർണർ 'തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന്' എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു. സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഗവർണർ അയച്ച ഉത്തരവ് അതീവ ഗുരുതരമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ അവകാശങ്ങൾ ധ്വംസിക്കുന്ന പെരുമാറ്റച്ചട്ടം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 9.30-ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ മലയാളസർവകലാശാലയിലേക്ക് സിൻഡിക്കേറ്റ് മാർച്ച് സംഘടിപ്പിക്കും. രാഷ്ട്രീയ വിലക്കിന് പുറമെ, സർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തു കളയാനുള്ള തീരുമാനത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്താനാണ് സംഘടനയുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow