യുവതിയുടെ മരണം: 'കരച്ചിലടക്കാൻ കഴിയുന്നില്ല', അധികൃതരുടെ മൗനത്തിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്
ലൈംഗികാതിക്രമം ചെറുക്കുന്നതിനിടയിൽ തൊഴിലുടമയുടെ മർദ്ദനമേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തി. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹസമ്പന്നയായ ഒരു സ്ത്രീ ഇത്തരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത് അറിഞ്ഞ നിമിഷം മുതൽ തനിക്ക് കരച്ചിൽ അടക്കാനായിട്ടില്ലെന്ന് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാത്തതിനെയും നടി ശക്തമായി ചോദ്യം ചെയ്തു.
തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട യുവതിയെന്ന് പാർവതി ഓർമ്മിപ്പിച്ചു. 167 നായകളെയും ഭർത്താവിനെയും നാലു വയസ്സുകാരനായ മകനെയും സംരക്ഷിക്കാൻ വേണ്ടിയാണ് പ്രതി വാഗ്ദാനം ചെയ്ത ജോലി അവർ സ്വീകരിച്ചത്. മുൻപ് പലതവണ നായകളെ രക്ഷിക്കുന്നതിനിടയിൽ കത്തിക്കുത്തും പൊള്ളലുമടക്കം ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടും അവയെ അതിജീവിച്ചവളാണ് ഒടുവിൽ ഇത്തരത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടികൾക്ക് സുരക്ഷിതമായ രാജ്യം എന്ന് അവകാശപ്പെടുന്നവർക്ക് നേരെ 'നമുക്കെന്തിനാണ് ഫെമിനിസം' എന്ന് പാർവതി പരിഹാസരൂപേണ ചോദിക്കുകയും ചെയ്തു.
ബെംഗളൂരുവിലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള തെരുവുനായ സംരക്ഷണ കേന്ദ്രത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. പ്രതിമാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഒരു കൊല്ലം സ്വദേശിയാണ് യുവതിയെ അവിടെയെത്തിച്ചത്. മുൻപ് ജയിൽ അധികൃതർക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിന്റെ പേരിൽ പോലീസിന്റെ വേട്ടയാടലിന് ഇരയായ യുവതി, തന്റെ കൈവശമുള്ള നായകളുടെ സംരക്ഷണത്തിനുള്ള പണം കണ്ടെത്താനാണ് പുതിയ ജോലി ഏറ്റെടുത്തത്. ലൈംഗികാതിക്രമം ചെറുത്തതിനെത്തുടർന്ന് തൊഴിലുടമ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകം നടന്നിട്ടും ബെംഗളൂരു പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
What's Your Reaction?