നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവേ സ്റ്റേഷൻ: സ്ഥലമൊരുക്കൽ ജോലികൾ തുടങ്ങി
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിർമിക്കുന്ന പുതിയ റെയിൽവേ സ്റ്റേഷന്റെ പ്രാഥമിക ഘട്ടമായ സ്ഥലമൊരുക്കൽ ജോലികൾക്ക് തുടക്കമായി. ആവണംകോട് റോഡിൽ സിയാലിന്റെ സൗരോർജ പ്ലാന്റിന് സമീപമാണ് സ്റ്റേഷൻ നിർമിക്കുന്നത്. റെയിൽവേ ട്രാക്കുകളുടെ ഇരുവശത്തുമുള്ള കാടുകൾ വെട്ടിത്തെളിച്ച് സ്ഥലം നിരപ്പാക്കുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. മണ്ണ് പരിശോധന പൂർത്തിയാകുന്നതോടെ മണ്ണടിച്ച് പ്ലാറ്റ്‌ഫോമുകളുടെ നിർമാണം ആരംഭിക്കും. 7.56 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ഒൻപത് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ സ്റ്റേഷൻ മന്ദിരം ഉയരുന്നത്. കിഴക്കു വശത്ത് സ്റ്റേഷൻ മന്ദിരവും ഇരുവശത്തും 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്‌ഫോമുകളുമാണ് ഉണ്ടാവുക. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഫുട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, വിശാലമായ പാർക്കിങ് സൗകര്യങ്ങൾ എന്നിവയും ഇവിടെ സജ്ജമാക്കും. ഭാവിയിൽ കൂടുതൽ വികസനം ആവശ്യമായി വന്നാൽ സിയാലിന്റെ കൈവശമുള്ള സമീപത്തെ സ്ഥലം കൂടി പ്രയോജനപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കാൻ ഈ പുതിയ സ്റ്റേഷൻ വലിയ സഹായമാകും.
What's Your Reaction?