46കാരന്‍റെ ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി, രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ്
നട്ട് നീക്കം ചെയ്യാൻ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങളും വിഫലമായതോടെ, അവിടത്തെ ഡോക്ടർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

കാസർകോട്: ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്‍റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.
നട്ട് നീക്കം ചെയ്യാൻ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങളും വിഫലമായതോടെ, അവിടത്തെ ഡോക്ടർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അർധരാത്രിയോടെ നട്ട് മുറിച്ചുനീക്കിയത്.
കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതിനാല്‍തന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്‍റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാകുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരാണ് നട്ട് കയറ്റിയതെന്ന് യുവാവ് പറഞ്ഞു. മൂത്രമൊഴിക്കാൻ പോലും ഇയാൾ വളരെ ബുദ്ധിമുട്ടിയിരുന്നു. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
What's Your Reaction?






