തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു.
പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്നും വിജയകരമായി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എപി അനിൽകുമാർ, ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ് എന്നിവർ പുഷ്പാർച്ചന നടത്തിയിരുന്നു.
തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും പുനഃസംഘടനയുമായി മുന്നോട്ടു പോവുമെന്നും കെ സുധാകരൻ പറഞ്ഞു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.