തൃശ്ശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. കലോത്സവത്തിന്‍റെ അവസാന ദിനത്തിലും തൃശൂരും കണ്ണൂരും വിട്ടു കൊടുക്കാത്ത പോരാട്ടത്തിലാണ്. നിലവിൽ 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 983 പോയിന്റുമായി തൃശ്ശൂരും തൊട്ടുപിന്നിൽ 982 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്.
ഇനി 8 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ മത്സരങ്ങളിലെ പോയിന്‍റുകളായിരിക്കും വിജയിയെ നിശ്ചയിക്കുക. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹന്‍ലാലും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിക്കും.
വൈകുന്നേരം 4 മണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍.എസ് ഷിബു ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം നടത്തും.