സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ഇന്ന് ബി.ജെ.പിയിൽ ചേരും
2006, 2011, 2016 എന്നീ വർഷങ്ങളിൽ ദേവികുളത്ത് നിന്ന് സിപിഎം പ്രതിനിധിയായി നിയമസഭയിലെത്തിയ നേതാവാണ് എസ്. രാജേന്ദ്രൻ
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മുതിർന്ന ഇടത് നേതാവും ദേവികുളത്തെ മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുന്നു. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിക്കും.
2006, 2011, 2016 എന്നീ വർഷങ്ങളിൽ ദേവികുളത്ത് നിന്ന് സിപിഎം പ്രതിനിധിയായി നിയമസഭയിലെത്തിയ നേതാവാണ് എസ്. രാജേന്ദ്രൻ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് രാജേന്ദ്രനെ സി.പി.എം സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന്, പാർട്ടിയിലേക്ക് തിരികെ വരാൻ നേതാക്കൾ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ബി.ജെ.പിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടി പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനമായത്.
ബി.ജെ.പിയിൽ ചേരുന്നതിന് പ്രത്യേക നിബന്ധനകളോ വ്യക്തിപരമായ ആവശ്യങ്ങളോ താൻ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽനിൽക്കെ, ഇടുക്കിയിലെ തോട്ടം മേഖലയിൽ വലിയ സ്വാധീനമുള്ള രാജേന്ദ്രന്റെ ബി.ജെ.പി പ്രവേശനം സിപിഎമ്മിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
What's Your Reaction?

