കാലിഫോര്‍ണിയ: നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം അടുത്ത മാസം ആറിന് നടക്കും.
1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം നീണ്ട 54 വർഷങ്ങൾ പിന്നിടുമ്പോഴാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിൽ നിന്ന് നാസയുടെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിലേക്ക് മാറ്റി.
ഈ ദൗത്യത്തില്‍ ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തും. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. നാല് ബഹിരാകാശ യാത്രികര്‍ 4700 മൈല്‍ ദൂരം സഞ്ചരിക്കും. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ് ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കൊച്, ജെര്‍മി ഹാന്‍സെന്‍ എന്നിവരാണ് ആര്‍ട്ടെമിസ് 2-വിലെ സഞ്ചാരികള്‍. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന ഓറിയോണ്‍ പേടകം വിക്ഷേപിക്കുന്നത്.