തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. തനിക്കും, മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് ലഭിച്ചുവെന്ന് തോമസ് ഐസക് സ്ഥിരീകരിച്ചു.
മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ് ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്‌സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് വിമർശിച്ചു.
ആദ്യം മസാല ബോണ്ട് ഇറക്കാൻ കിഫ്ബിക്ക് അധികാരമില്ലെന്ന് പറഞ്ഞു. അനുമതി നൽകാനുള്ള അധികാരം ആർബിഐക്ക് മാത്രമാണ്. അതിനാല്‍ ആർബിഐയുടെ അനുമതിയോട് കൂടിയാണ് എല്ലാ നടപടികളും സ്വീകരിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.