'നവകേരളത്തിനായി, പുരോഗമന ഇന്ത്യയ്ക്കായി'; ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

നമ്മുടെ ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്- മുഖ്യമന്ത്രി

Jan 25, 2026 - 18:55
Jan 25, 2026 - 18:56
 0
'നവകേരളത്തിനായി, പുരോഗമന ഇന്ത്യയ്ക്കായി'; ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

നമ്മുടെ രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ ഉജ്ജ്വല സ്മരണകൾ പുതുക്കുന്ന ഈ റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും ഫെഡറൽ തത്വങ്ങളും തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ല; മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണ്. 'നാനാത്വത്തിൽ ഏകത്വം' എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള ജാഗ്രതയാണ് ഈ ദിനം നമ്മോട് ആവശ്യപ്പെടുന്നത്.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ഫെഡറൽ സങ്കല്പം ഇന്ന് വലിയ വെല്ലുവിളിയിലാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ കവർന്നെടുത്തും, ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കിയും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾക്കെതിരെ നാം ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ മാതൃകകൾ ഈ പോരാട്ടത്തിന് കരുത്തുപകരുന്നു.

മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച പ്രതിജ്ഞ നമുക്ക് ഈ ദിനത്തിൽ പുതുക്കാം. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ  സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാം. നവകേരളത്തിനായി, പുരോഗമന ഇന്ത്യയ്ക്കായി. എല്ലാവർക്കും ഒരിക്കൽക്കൂടി റിപ്പബ്ലിക് ദിനാശംസകൾ. 

What's Your Reaction?

like

dislike

love

funny

angry

sad

wow