തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി; ആര്‍.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കി
ആനന്ദിനെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്ത് ആർ.എസ്.എസ്. പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ. തമ്പിയാണ് ജീവനൊടുക്കിയത്. സീറ്റ് നിഷേധിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആനന്ദിനെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആത്മഹത്യക്ക് മുമ്പ് ആനന്ദ് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഈ വിവരം സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബി.ജെ.പി നേതാക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ചില ബി.ജെ.പി, ആർ.എസ്.എസ്. നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദ് ആരോപിക്കുന്നു.
തൃക്കണ്ണാപുരം വാർഡിൽ നിലവിൽ സ്ഥാനാർഥിയാക്കിയിരിക്കുന്നത് മണ്ണ് മാഫിയയുമായി ബന്ധമുള്ള വ്യക്തിയെയാണെന്നും സന്ദേശത്തിൽ പറയുന്നു. തൃക്കണ്ണാപുരം വാർഡിൽ നേരത്തെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആനന്ദിന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം നൽകുന്ന വിശദീകരണം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?