കേരളത്തെ മാറ്റിമറിച്ച വികസനത്തിൻറെ പത്ത് വർഷങ്ങൾ

Apr 2, 2026 - 22:09
Apr 2, 2026 - 22:14
 0
കേരളത്തെ മാറ്റിമറിച്ച വികസനത്തിൻറെ പത്ത് വർഷങ്ങൾ

കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തെ മാറ്റിമറിച്ചതായി റിപ്പോർട്ടുകൾ. ഈ പത്ത വർഷത്തിൽ കേരളത്തിലെ ജീവിതാന്തരീക്ഷവും ജീവിത നിലവാരങ്ങളുമ മാറിയതായും  റിപ്പോർട്ടിൽ പറയുന്നു.ഗതാഗതം, വ്യവസായ സൗഹൃദ അന്തരീക്ഷം, സ്റ്റാർട്ടപ്പ് രംഗം, തൊഴിലവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവർത്തനങ്ങൾ  തുടങ്ങി സമസ്ത മേഖലകളിലും കഴിഞ്ഞ പത്തുവർഷത്തിനിടെ സമാനതകളില്ലാത്ത വളർച്ചയാണ് സംസ്ഥാനം കൈവരിച്ചത്. ഓരോ പൗരന്റെയും ജീവിതത്തിൽ ഈ നേട്ടങ്ങൾ  പ്രകടമായി പ്രതിഫലിക്കുന്നുണ്ട്. 


അടിസ്ഥാനരഹിതമായ ആരോപണങ്ങളെ മുഖവിലക്കെടുക്കാതെ, ജീവിതത്തിലെ മാറ്റങ്ങൾ വിലയിരുത്തി ജനങ്ങൾ വിധിയെഴുതുമെന്ന ഇടതുപക്ഷത്തിൻ്റെ ഉറപ്പിന് കാരണം ഈ നേട്ടങ്ങളാണ്.ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്. ഇരുദയ രാജൻ നടത്തിയ പഠനം അനുസരിച്ച് 2018നുശേഷം കേരളത്തിൽ നിന്നുള്ള യുവജന കുടിയേറ്റം കുറയുന്നുണ്ട്. 

2003-ൽ 18 ലക്ഷം പേർ കേരളത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയത് 2013-ൽ 24 ലക്ഷമാവുകയും, പിന്നീട് 2018-ൽ ഇത് 21 ലക്ഷമായി കുറയുകയും ചെയ്തതായി പഠനം വ്യക്തമാക്കുന്നു.   തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 2018-ലെ 12 ലക്ഷത്തിൽ നിന്ന് 2023-ൽ 18 ലക്ഷമായി ഉയരുകയും ചെയ്തു.. കേരളത്തിലെ തൊവിൽ സാഹചര്യങ്ങൾ അനുകൂലമായതാണ് ഈ മാറ്റത്തിന് കാരണം. കേരളം കൂടുതൽ ആകർഷകമായെന്നതിൻ്റെ സൂചന കൂടിയാണിത്.

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കിയുള്ള ഹാപ്പി ഇൻഡെക്സിലും കേരളം മുൻപന്തിയിലാണ്. 2021-ൽ ഇന്ത്യാ ടുഡേയുടെ  സർവേയിൽ കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു. ആളോഹരി വരുമാനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യങ്ങൾ, നിയമവാഴ്ച, പരിസ്ഥിതി, ശുചിത്വം, തൊഴിൽ ലഭ്യത എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഈ സൂചിക തയ്യാറാക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് റിപ്പോർട്ടുകളിലും കേരളം പല മേഖലകളിലും മുൻപന്തിയിലാണ്.

 കഴിഞ്ഞ പത്തുവർഷത്തെ സർക്കാരുകൾ ഓരോരുത്തരുടെയും ജീവിതത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളും അനുഭവങ്ങളും നൽകിയിട്ടുണ്ട്. വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ പ്രവൃത്തിയിലൂന്നിയ ജനസേവനമാണ് ഇവരുടെ പ്രധാന മേന്മ.

കോവിഡ് മഹാമാരി കാലത്ത് എൽഡിഎഫ് സർക്കാർ,  വരുമാനം നിലച്ച് പട്ടിണി ഭയന്ന ദിവസക്കൂലിക്കാർക്ക്  വരുമാനനഷ്ടത്തിനിടയിലും ആരും പട്ടിണി കിടക്കാതെ, വ്യക്തികൾക്ക് പരമാവധി സാമ്പത്തിക സഹായങ്ങൾ എത്തിച്ചു. പത്തുവർഷത്തിനിടെ ക്ഷേമ പെൻഷൻ പ്രതിമാസം 600 രൂപയിൽ നിന്ന് 2500 രൂപയായി വർദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമായ പ്രവർത്തനമായിരുന്നു. രണ്ട് പ്രളയങ്ങളെ അതിജീവിച്ച് കേരളത്തെ പുനർനിർമ്മിക്കുന്നതിനിടയിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. 

ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ മെച്ചപ്പെട്ട കണക്ടിവിറ്റി എല്ലായിടത്തും പ്രകടമാണ്. മികച്ച റോഡുകൾ യാത്രാവേഗതയും ഇന്ധനക്ഷമതയും വർദ്ധിപ്പിച്ച് സുരക്ഷയുമുറപ്പാക്കി. കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം കാര്യമായി മെച്ചപ്പെടുത്തി. 

ആദിവാസി ഊരുകൾ ഉൾപ്പെടെ, ഒറ്റപ്പെട്ട പല പ്രദേശങ്ങൾക്കും ഇന്ന് മികച്ച കണക്ടിവിറ്റിയുണ്ട്. പതിനായിരം പേരുള്ള പെരുമ്പളം ദ്വീപിനെ 100 രൂപ കോടി ചെലവിൽ പാലം നിർമ്മിച്ച് പുറംലോകവുമായി ബന്ധിപ്പിച്ചു. 

സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു. മരുന്നുകൾ മുതൽ ലാബ് പരിശോധനകൾ വരെ സൗജന്യമായതിനാൽ എല്ലാ ജനങ്ങളും ഇവിടെയെത്തി. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താലൂക്ക്, ജില്ലാതല ആശുപത്രികളിൽ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കി. ഇന്ന് സർക്കാർ ആശുപത്രികളിൽ തിരക്ക് മാത്രമാണ് ബുദ്ധിമുട്ടായി തോന്നുന്നത്.

റോഡും പാലങ്ങളുമൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന വികസനമല്ലെന്ന് കഴിഞ്ഞ രണ്ട് സർക്കാരുകൾ തെളിയിച്ചു. കിഫ്ബി പോലുള്ള സംവിധാനമില്ലായിരുന്നെങ്കിൽ മികച്ച പാതകളും ആശുപത്രി-സ്കൂൾ അടിസ്ഥാനസൗകര്യ വികസനവും സിന്തറ്റിക് സ്റ്റേഡിയങ്ങളും ദേശീയപാത വികസനവും നടക്കുമായിരുന്നില്ല. ദീർഘവീക്ഷണത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് ഭാവി വികസനം ഉറപ്പാക്കുന്നതിലാണ് കാര്യക്ഷമമായ ഭരണത്തിൻ്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാനുള്ള ജനസമ്മതിയാണ് സർക്കാർ തേടുന്നത്.


What's Your Reaction?

like

dislike

love

funny

angry

sad

wow