ഇറാനിലെ കൂറ്റൻ പാലം തകർത്ത് യു.എസ് വ്യോമാക്രമണം; എട്ടു മരണം; 95 ഓളം പേർക്ക് പരിക്ക്

ഇറാൻ സ്റ്റേറ്റ് മീഡിയ നൽകുന്ന വിവരങ്ങൾ പ്രകാരം പാലത്തിന് നേരെ രണ്ട് തവണയായാണ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്

Apr 3, 2026 - 10:01
Apr 3, 2026 - 10:01
 0
ഇറാനിലെ കൂറ്റൻ പാലം തകർത്ത് യു.എസ് വ്യോമാക്രമണം; എട്ടു മരണം; 95 ഓളം പേർക്ക് പരിക്ക്

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ബി-1 (B-1) പാലം തകർത്ത് അമേരിക്കൻ വ്യോമസേന. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെയും കരാജ് നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാണിത്. ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 95 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ സ്റ്റേറ്റ് മീഡിയ നൽകുന്ന വിവരങ്ങൾ പ്രകാരം പാലത്തിന് നേരെ രണ്ട് തവണയായാണ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. ആദ്യ ആക്രമണത്തിന് പിന്നാലെ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി എത്തിയവർക്ക് നേരെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്.

പാലത്തിലൂടെ യാത്ര ചെയ്തിരുന്നവരും സമീപവാസികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പാലം പൂർണ്ണമായും തകർന്നു. ടെഹ്‌റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ ഈ പാലത്തിന്റെ തകർച്ച ഇറാനിലെ ചരക്ക് നീക്കത്തെയും ഗതാഗതത്തെയും ഗുരുതരമായി ബാധിക്കും.

ആദ്യ സ്ഫോടനത്തിന് ശേഷം ആളുകൾ സഹായത്തിനായി ഓടിക്കൂടിയ സമയത്താണ് രണ്ടാമത്തെ മിസൈൽ പതിച്ചത്. ഇത് മരണസംഖ്യ ഉയരാൻ കാരണമായി. തങ്ങളുടെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. യുദ്ധം കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിലെ സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow