മുംബൈയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി; ഒരാൾ കൊല്ലപ്പെട്ടു

അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്

Apr 3, 2026 - 11:37
Apr 3, 2026 - 11:37
 0
മുംബൈയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി; ഒരാൾ കൊല്ലപ്പെട്ടു

താനെ: മുംബൈയിലെ മുബ്രയിൽ യുവതിയെ ശല്യം ചെയ്യുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത സംഘത്തിന് നേരെ വെടിയുതിർത്ത് മലയാളി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

താനെയിലെ മുബ്രയിലുള്ള കൈലാഷ് നഗറിലെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് ഇന്നലെ രാവിലെ 11.30-ഓടെയായിരുന്നു സംഭവം. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്.

അനു ഷെയ്ഖ് ഹില എന്ന യുവതിയെ അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘം കുറച്ചുനാളുകളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ സ്കൂളിന് മുന്നിൽ വെച്ച് ഇവർ യുവതിയെ വീണ്ടും ശല്യം ചെയ്യുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു.

ഈ സമയത്ത് സ്ഥലത്തെത്തിയ ജയൻ ശിവാനന്ദൻ നായർ യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ അക്രമികൾ ശല്യം ചെയ്തതോടെ ജയൻ കൈവശമുണ്ടായിരുന്ന നാടൻ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

വെടിയുതിർത്ത ജയൻ ശിവാനന്ദൻ നായർ നേരത്തെ ഇന്ത്യൻ കരസേനയിൽ സൈനികനായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അക്ബർ അബ്ദുൾ ഷെയ്ഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരായ അബ്ദുൾ ഹസൻ ഷെയ്ഖും സമീർ അഹമ്മദും കൽസേക്കർ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിവെപ്പിന് ശേഷം യുവതിയുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow