വന്ദേ ഭാരത് സ്ലീപ്പർ കുതിക്കാൻ തയ്യാർ; കേരളത്തിന് രണ്ട് ട്രെയിനുകൾ ലഭിച്ചേക്കും
ഈ വർഷം പുറത്തിറക്കുന്ന 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറങ്ങാൻ സജ്ജമായി. കൊൽക്കത്ത - ഗുവാഹാത്തി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ മേൽനോട്ടത്തിലുള്ള അതിവേഗ പരീക്ഷണങ്ങൾ ട്രെയിൻ വിജയകരമായി പൂർത്തിയാക്കി.
ഈ വർഷം പുറത്തിറക്കുന്ന 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റൂട്ടുകൾ: തിരുവനന്തപുരം - ചെന്നൈ റൂട്ടിലാകും കേരളത്തിനുള്ള ആദ്യ ട്രെയിൻ ഓടുക. തിരുവനന്തപുരം - ബെംഗളൂരു പാതയാണ് രണ്ടാമതായി പരിഗണനയിലുള്ളത്. ഭാവിയിൽ തിരുവനന്തപുരം - മംഗളൂരു സർവീസും റെയിൽവേയുടെ ആലോചനയിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്ക് ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ മുൻഗണന ലഭിക്കാനാണ് സാധ്യത. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ച ഏകദേശ നിരക്കുകൾ (ഭക്ഷണം ഉൾപ്പെടെ) താഴെ പറയുന്നവയാണ്: തേർഡ് എസി (3AC): ഏകദേശം 2,300 രൂപ, സെക്കൻഡ് എസി (2AC): ഏകദേശം 3,000 രൂപ, ഫസ്റ്റ് എസി (1AC): ഏകദേശം 3,600 രൂപ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ആദ്യ ട്രെയിനിൽ 16 കോച്ചുകളുണ്ടാകും. സാധാരണ വന്ദേ ഭാരത് ട്രെയിനുകളേക്കാൾ വേഗതയും യാത്രാസുഖവും ഉറപ്പാക്കുന്ന രീതിയിലാണ് സ്ലീപ്പർ പതിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 12 ട്രെയിനുകളും അടുത്ത വർഷത്തോടെ കൂടുതൽ ട്രെയിനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് തുടങ്ങും.
What's Your Reaction?