ബാങ്കോക്ക് : 2025ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടി മെക്സിക്കോയുടെ ഫാത്തിമ ബോഷ്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് കിരീടമണിഞ്ഞത്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ ക്‌ജെര്‍ ആണ് ഫാത്തിമയെ കിരീടം അണിയിച്ചത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി മെക്സിക്കോയുടെ ഫാത്തിമ ബോഷ് ആ കിരീടം സ്വന്തമാക്കി. തായ്ലൻഡിന്റെ പ്രവീണർ സിങ്ങാണ് ഫസ്റ്റ് റണ്ണർ അപ്. ഇവർക്കു പുറമെ വെനസ്വേലയുടെ സ്റ്റെഫാനി അബസാലി, ഫിലിപ്പൈൻസിന്റെ അഹ്തിസ മനാലോ, ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ എന്നിവർ ടോപ്പ് 5ലെത്തി.
അതേസമയം ഇന്ത്യയെ പ്രതിനിധീകരിച്ച മാണിക വിശ്വകർമ ടോപ്പ് 12-ൽ ഇടം നേടാതെ പുറത്തായി. 2021-ൽ ഹർനാസ് കൗർ സന്ധുവാണ് അവസാനമായി ഇന്ത്യയിൽ നിന്ന് കിരീടം ചൂടുന്നത് . 2020ല്‍ ആന്‍ഡ്രിയ മെസാ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്‌സിക്കോയില്‍ ഈ നേട്ടം വീണ്ടുമെത്തുന്നത്. ഈ വർഷത്തെ വിധികർത്താക്കളിൽ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ അംഗമായിരുന്നു.