ഇന്തോനേഷ്യയിൽ വിമാനം തകർന്നു വീണു; പർവ്വത മേഖലയിൽ അവശിഷ്ടങ്ങൾ കണ്ടെത്തി, വിമാനത്തിലുണ്ടായിരുന്നത് 11 പേർ
ഇന്തോനേഷ്യൻ വ്യോമസേനയും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് തിരിച്ചു
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശനിയാഴ്ച ഉച്ചയോടെ കാണാതായ യാത്രാവിമാനം തകർന്നതായി സ്ഥിരീകരിച്ചു. സൌത്ത് സുലാവെസി പ്രവിശ്യയിലെ ബുലുസാരംഗ് പർവ്വത മേഖലയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്തോനേഷ്യൻ വ്യോമസേനയും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് തിരിച്ചു.
ഇന്തോനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42-500 (ATR 42-500) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്തോനേഷ്യൻ മറൈൻ ഫിഷറീസ് മന്ത്രാലയത്തിന്റെ ചാർട്ടേഡ് വിമാനമായിരുന്നു ഇത്. എട്ട് ക്രൂ അംഗങ്ങളും മൂന്ന് യാത്രക്കാരും ഉൾപ്പെടെ 11 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു.
കനത്ത മൂടൽമഞ്ഞുള്ള മേഖലയിൽ 11,000 അടി ഉയരത്തിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. റഡാറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം വിമാനം മലനിരകളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 1,200-ഓളം രക്ഷാപ്രവർത്തകരാണ് വിമാനത്തിനായി തിരച്ചിൽ നടത്തിയത്. ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് പർവ്വത മേഖലയിൽ അവശിഷ്ടങ്ങൾ കണ്ട വിവരം അധികൃതരെ അറിയിച്ചത്.
തെക്കുകിഴക്കൻ ഏഷ്യയിൽ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറെ പിന്നിലുള്ള രാജ്യമാണ് ഇന്തോനേഷ്യ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി വിമാനാപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറ്റലിയിലും ഫ്രാൻസിലുമായി നിർമ്മിച്ച ഈ വിമാനം 50 പേരെ വരെ വഹിക്കാൻ ശേഷിയുള്ളതാണ്. ജക്കാർത്തയിൽ നിന്ന് 1,500 കിലോമീറ്റർ അകലെയുള്ള ദുർഘടമായ മലനിരകളിൽ വച്ചാണ് അപകടം നടന്നത് എന്നതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണ്.
What's Your Reaction?

