വി. കുഞ്ഞികൃഷ്ണനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി; നടപടി കടുത്ത അച്ചടക്കലംഘനത്തിന്
ർട്ടിയെ പൊതുമധ്യത്തിൽ അവഹേളിച്ചു എന്നാരോപിച്ചാണ് നടപടി
പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാർട്ടിയെ പൊതുമധ്യത്തിൽ അവഹേളിച്ചു എന്നാരോപിച്ചാണ് നടപടി.
പാർട്ടിക്കുള്ളിൽ പരിഹരിക്കേണ്ട കാര്യങ്ങൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത് ആസൂത്രിതമായ നീക്കമാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചു.
പയ്യന്നൂരിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് രണ്ട് പാർട്ടി കമ്മീഷനുകൾ അന്വേഷണം നടത്തിയിട്ടും ക്രമക്കേടുകൾ കണ്ടെത്താനായിരുന്നില്ല. എന്നാൽ, ഇത് അംഗീകരിക്കാതെ പാർട്ടി തീരുമാനത്തിനെതിരെ കുഞ്ഞികൃഷ്ണൻ പരസ്യമായി നിലപാടെടുത്തു എന്നതാണ് പ്രധാന ആരോപണം.
പാർട്ടി വിരുദ്ധമായ പ്രസ്താവനകൾ തുടർച്ചയായി നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം നേതാക്കളും യോഗത്തിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് പുറത്താക്കൽ നടപടി ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ജനുവരി 27-ന് പയ്യന്നൂരിൽ പാർട്ടി അംഗങ്ങളുടെ യോഗം വിളിച്ചുചേർക്കും. ലോക്കൽ, ജനറൽ ബോഡി യോഗങ്ങളിൽ മുതിർന്ന നേതാക്കൾ നേരിട്ടെത്തി നടപടി റിപ്പോർട്ട് ചെയ്യും.
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയിൽ പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധവും ചേരിതിരിവും പ്രകടമാണ്. ഒരു വിഭാഗം കുഞ്ഞികൃഷ്ണനെ അനുകൂലിക്കുമ്പോൾ മറ്റൊരു വിഭാഗം ഔദ്യോഗിക നടപടിയെ പിന്തുണയ്ക്കുന്നു. ഇത് വരും ദിവസങ്ങളിൽ പയ്യന്നൂരിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷിതമാക്കാൻ സാധ്യതയുണ്ട്.
What's Your Reaction?