തെരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയെന്നും മന്ത്രി

Nov 25, 2025 - 17:58
Nov 25, 2025 - 17:58
 0
തെരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കണമെന്നുള്ള വാർത്തകൾക്കെതിരെ വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസത്തെ ഇത് ബാധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
 
എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. 
 
കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കെയാണ്. ഈ സാഹചര്യത്തിൽ  10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 
കുട്ടികളുടെ പഠനസമയം സംരക്ഷിക്കണം. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും വി ശിവന്‍കുട്ടി ചോദിച്ചു.വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow