ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: എം. പത്മകുമാറിനെ പൂര്‍ണമായി തള്ളാതെ എം.വി. ഗോവിന്ദന്‍
സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ഗോവിന്ദൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ഉടൻ തള്ളിപ്പറയേണ്ടതില്ലെന്ന് സി.പി.എം. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമേ പത്മകുമാറിനെതിരെ പാർട്ടി നടപടി കൈക്കൊള്ളൂവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ഗോവിന്ദൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പത്മകുമാറിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ ഘട്ടത്തിൽ പത്മകുമാറിനെ തള്ളിപ്പറഞ്ഞാൽ, പാർട്ടി തന്നെ അദ്ദേഹത്തെ കുറ്റക്കാരനായി കണക്കാക്കുന്നു എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കും. ഇത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യമാണ് കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണം. പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ച പലരും തിരിച്ച് നീതി പുലർത്തിയില്ലെന്ന് എം.വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ എൻ. വാസു കേവലം ഒരു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയായിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ പദവി പ്രധാനമാണ് എന്നും എം.വി. ഗോവിന്ദൻ സൂചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സംസാരിച്ച ശേഷമാണ് താൻ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതെന്നും അദ്ദേഹം അറിയിച്ചു.
What's Your Reaction?