വാട്സാപ്, ഇന്‍സ്റ്റ എഐ ചാറ്റ് ഇനി കുട്ടികൾക്കില്ല; പ്രായപൂർത്തിയായാൽ മാത്രം
സ്വന്തം പേരിൽ എ.ഐ കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഫോളോവർമാരുമായി സംവദിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ കുട്ടികൾക്ക് താൽക്കാലികമായി ലഭ്യമാകില്ല
ന്യൂഡല്‍ഹി: വാട്സാപ്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ എ.ഐ ഉപയോഗിച്ച് സാങ്കൽപിക കഥാപാത്രങ്ങളെ നിർമ്മിക്കാനും അവരുമായി ചാറ്റ് ചെയ്യാനുമുള്ള 'എഐ സ്റ്റുഡിയോ' ഫീച്ചർ ഇനി പ്രായപൂർത്തിയായവർക്ക് മാത്രമേ ഉപയോഗിക്കാനാവൂ എന്ന് മെറ്റ അറിയിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം.
സ്വന്തം പേരിൽ എ.ഐ കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഫോളോവർമാരുമായി സംവദിക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ കുട്ടികൾക്ക് താൽക്കാലികമായി ലഭ്യമാകില്ല. കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വരുത്തിയ ശേഷം മാത്രമേ ഇത് പുനരവതരിപ്പിക്കൂ. സാധാരണ സംശയനിവാരണത്തിനും സഹായത്തിനുമായി ഉപയോഗിക്കുന്ന മെറ്റയുടെ എ.ഐ അസിസ്റ്റന്റ് കുട്ടികൾക്ക് തുടർന്നും ലഭ്യമാകും. എ.ഐ ബോട്ടുകളുമായുള്ള ദീർഘനേരത്തെ സംഭാഷണങ്ങൾ കുട്ടികളുടെ സ്വഭാവത്തിലും മാനസികാരോഗ്യത്തിലും പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയെത്തുടർന്നാണ് നടപടി.
എ.ഐ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അനുവദിക്കുന്ന 'കാരക്ടർ. എ.ഐ' പോലുള്ള പ്രമുഖ കമ്പനികൾ നേരത്തെ തന്നെ പ്രായപൂർത്തിയാകാത്തവർക്ക് ഇത്തരം സേവനങ്ങൾ നൽകുന്നത് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമനായ മെറ്റയും കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്.
What's Your Reaction?