ജയ്സാൽമീർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 20 പേർ വെന്തുമരിച്ചു. ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും.
16 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ബസിൽ 57 യാത്രക്കാരുണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. 19 പേർ ബസിൽ വച്ച് തന്നെ വെന്ത് മരിച്ചു. ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.ഷോര്‍ട്ട് സെര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയര്‍ന്നയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു. പ്രദേശവാസികളും ഈ സമയം ഹൈവേയിലൂടെ കടന്നുപോകുകയായിരുന്ന വാഹനങ്ങളില്‍ ഉണ്ടായിരുന്നവരുമാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഡിഎൻഎ പരിശോധനകൾ നടത്തും.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.