പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നു; ക്ഷേത്രവും പള്ളിയും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി
ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടികൾക്ക് റവന്യു വകുപ്പ് തുടക്കം കുറിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടത്തുന്ന ഈ നീക്കത്തിൽ ഒരു ക്ഷേത്രവും പള്ളിയും ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ തന്നെ സ്വമേധയാ നീക്കം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവ റവന്യു സംഘം നേരിട്ട് പൊളിച്ചുനീക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അനധികൃത കയ്യേറ്റങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുമെന്നും അർഹരായ 12 കുടുംബങ്ങൾക്ക് സർക്കാർ പുനരധിവാസ സഹായം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഈ നിർമ്മാണങ്ങൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റങ്ങൾക്ക് പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
What's Your Reaction?