പേരാവൂരിലെ തോൽവി: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അതൃപ്തി പരസ്യമാക്കി കെ കെ ശൈലജ
പേരാവൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ. തനിക്ക് മത്സരിക്കാൻ താല്പര്യമില്ലാതിരുന്നിട്ടും പാർട്ടി നിർബന്ധിച്ച് പേരാവൂരിൽ ഇറക്കുകയായിരുന്നുവെന്നും, അവിടെ വിജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും ശൈലജ യോഗത്തിൽ തുറന്നടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയ്ക്ക്, ഇത്തവണ പേരാവൂരിലെ പാർട്ടിയുടെ ഉറച്ച കോട്ടകളിൽ പോലും വോട്ട് ചോർച്ചയുണ്ടായതാണ് വിമർശനത്തിന് കാരണമായത്.
പായം പഞ്ചായത്തിൽ മൂവായിരത്തിലധികം വോട്ടുകൾ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് വെറും 1500 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. സിപിഐഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് മുന്നിൽ ശൈലജ പിന്നിലായി. നഗരസഭയിലെ 32 ബൂത്തുകളിൽ 20 ഇടത്തും സണ്ണി ജോസഫാണ് ലീഡ് ചെയ്തത്. മുഴക്കുന്ന്, അയ്യൻകുന്ന്, പേരാവൂർ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയതും ശൈലജയുടെ തോൽവിക്ക് ആക്കം കൂട്ടി. സ്വന്തം നാട്ടുകാരിയായിട്ടും ശൈലജയെ കൈവിട്ട വോട്ടർമാരുടെ നിലപാട് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
What's Your Reaction?