സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളിൽ നിർണായക മാറ്റം; അധ്യക്ഷസ്ഥാനത്ത് ഇനി രക്ഷിതാക്കൾ

May 7, 2026 - 11:54
May 7, 2026 - 11:54
 0
സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളിൽ നിർണായക മാറ്റം; അധ്യക്ഷസ്ഥാനത്ത് ഇനി രക്ഷിതാക്കൾ

രാജ്യത്തെ സ്കൂൾ ഭരണസംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ (SMC) അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ നിയമിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ശുപാർശ. സ്കൂൾ ഭരണത്തിൽ രക്ഷിതാക്കളുടെയും പ്രാദേശിക കമ്മ്യൂണിറ്റിയുടെയും നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്.

പുതിയ മാർഗരേഖ പ്രകാരം സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. പ്രവർത്തനങ്ങൾ സുഗമമാക്കാൻ സമിതിക്ക് കീഴിൽ അക്കാദമിക് കമ്മിറ്റി, സ്കൂൾ ബിൽഡിങ് കമ്മിറ്റി എന്നിങ്ങനെ രണ്ട് ഉപസമിതികൾ രൂപീകരിക്കും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സമിതിയിലെ അംഗസംഖ്യ 12 മുതൽ 25 വരെയാകാം. അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പ്രാദേശിക ജനപ്രതിനിധികൾ, ആശാ-അംഗനവാടി പ്രവർത്തകർ എന്നിവരും സമിതിയുടെ ഭാഗമാകും. ഇതിൽ നാലിൽ മൂന്ന് ഭാഗം അംഗങ്ങളും രക്ഷിതാക്കളായിരിക്കണം, അതിൽ പകുതി പേർ സ്ത്രീകളായിരിക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ തുടരും.

സമിതിക്ക് കൂടുതൽ സാമ്പത്തിക-ഭരണപരമായ അധികാരങ്ങളും മാർഗരേഖ നൽകുന്നുണ്ട്. സമഗ്ര ശിക്ഷ, പി.എം പോഷൺ, നിപുൺ ഭാരത് തുടങ്ങിയ പദ്ധതികളുടെ മേൽനോട്ട ചുമതല ഈ സമിതിക്കായിരിക്കും. കൂടാതെ 30 ലക്ഷം രൂപ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്താനുള്ള അധികാരവും കമ്മിറ്റിക്കുണ്ടാകും. രണ്ട് വർഷം കാലാവധിയുള്ള സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും സ്കൂൾ മേധാവികൾ ആരംഭിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ഈ മാറ്റങ്ങൾ പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ മേഖലയിൽ വലിയ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow