തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം; വനിതാ കമ്മീഷനെ സമീപിച്ച് യു.ഡി.എഫ് കൗൺസിലർമാർ

Jun 30, 2026 - 22:45
Jun 30, 2026 - 22:45
 0
തിരുവനന്തപുരം കോർപ്പറേഷൻ സംഘർഷം; വനിതാ കമ്മീഷനെ സമീപിച്ച് യു.ഡി.എഫ് കൗൺസിലർമാർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി യു.ഡി.എഫ് വനിതാ കൗൺസിലർമാർ. ദേഹോപദ്രവവും അപമാനവും നേരിട്ടെന്നാരോപിച്ചാണ് കൗൺസിലർമാരായ ഷെർലി, അനിത അലക്‌സ് എന്നിവർ പരാതി നൽകിയത്.

ബി.ജെ.പി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, അഡ്വ. ഗിരികുമാർ, പാപ്പനംകോട് സജി, വയൽക്കാട് രതീഷ്, ചോട്ടു എന്നിവർക്കെതിരെയാണ് പരാതി.

സംഭവത്തിൽ കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് നേരത്തെ ബി.ജെ.പി കൗൺസിലർമാർക്കെതിരെ കേസെടുത്തിരുന്നു. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി.

അതേസമയം, യു.ഡി.എഫ് കൗൺസിലർമാർക്കെതിരെയും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി നേതൃത്വം.

അവിശ്വാസ പ്രമേയം അവസാനിച്ച വിഷയമല്ലെന്നും ആവശ്യമായ സമയത്ത് തുടർചർച്ചകൾ നടത്തുമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ ഭരണസ്തംഭനമില്ലെന്നും ബി.ജെ.പി ഭരിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് സി.പി.ഐ.എമ്മിനും കോൺഗ്രസിനുമുള്ളതെന്നും വി. മുരളീധരൻ എം.എൽ.എ പ്രതികരിച്ചു.

ചൊവ്വാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിന് ശേഷമാണ് യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ്-എൽ.ഡി.എഫ് പ്രതിഷേധത്തിനിടെ മേയർ അജണ്ടകൾ അതിവേഗം പാസായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം.

ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെ.എസ്. ശബരിനാഥും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ. സുഗതനെ സംരക്ഷിക്കാനാണ് രജിസ്റ്റർ പിടിച്ചുവാങ്ങിയതെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow