സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Jul 10, 2026 - 09:15
Jul 10, 2026 - 09:16
 0
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര-തീരദേശ മേഖലകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഗുജറാത്ത് തീരം മുതല്‍ മധ്യകേരള തീരം വരെ വ്യാപിച്ചിരിക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില ഘട്ടങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനിടെ സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം തുടരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരണസംഖ്യ ഉയരുകയാണ്. പുനെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുന്നു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow