മരുഭൂമിയിൽ വമ്പൻ സൈനിക സമുച്ചയം; ചൈനയുടെ പുതിയ നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ബീജിങ് ∙ ചൈനയിലെ ഒരു മരുഭൂമിയിൽ വൻ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം 80-ലധികം കേന്ദ്രങ്ങളാണ് പുതുതായി നിർമിക്കപ്പെടുന്നത്.
ഉപഗ്രഹ ആശയവിനിമയത്തിനും കമാൻഡ് പ്രവർത്തനങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന നിർമാണങ്ങളാണ് ചിത്രങ്ങളിൽ ദൃശ്യമാകുന്നത്. കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമിക്കു സമീപമുള്ള അഷ്ടഭുജാകൃതിയിലുള്ള രണ്ട് സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ഇവ രണ്ടും ഹാമി ആണവ മിസൈൽ ശേഖരങ്ങൾക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ഇതിൽ ഒരു സമുച്ചയം ഹാമിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയും മറ്റൊന്ന് 230 കിലോമീറ്റർ അകലെയുമാണ്. ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, വലിയ സൈനിക വാഹനങ്ങൾ, സായുധ ബങ്കറുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവിടെ സൈനിക അഭ്യാസങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ചൈനീസ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ് ചൈനയുടെ പ്രഖ്യാപിത നയം. എന്നാൽ തായ്‌വാൻ വിഷയത്തിൽ വിദേശ ഇടപെടലുകൾ തടയുന്നതിനായി ചൈന ആണവായുധം ഉപയോഗിച്ചേക്കാമെന്ന വിലയിരുത്തലുകൾ മുമ്പ് വിദഗ്ധർ നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ സൈനിക നിർമാണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
തായ്‌വാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ തെറ്റായി കൈകാര്യം ചെയ്താൽ അത് അമേരിക്ക-ചൈന ബന്ധത്തെ കൂടുതൽ വഷളാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് Xi Jinping നേരത്തെ അമേരിക്കൻ പ്രസിഡന്റ് Donald Trump-നു മുന്നറിയിപ്പ് നൽകിയിരുന്നു.
What's Your Reaction?



