നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ
തിരുവനന്തപുരം ∙ നെടുമങ്ങാട്ട് ഒന്നരവയസ്സുകാരൻ അക്ഷജിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അഖിലയെയും അമ്മയുടെ പങ്കാളിയായ അഷ്കറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കുഞ്ഞിനെ രണ്ടാനച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നതായും കുട്ടിക്ക് ഗുരുതരമായ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
അമ്മ അഖിലയ്ക്കും അഷ്കറിനുമൊപ്പമാണ് അക്ഷജ് താമസിച്ചിരുന്നത്. കുട്ടിക്ക് ചോറ് കൊടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നായിരുന്നു വീട്ടുകാർ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ഒന്നര മാസം മുൻപ് കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞിരുന്നുവെന്നും അഷ്കറിൽ നിന്ന് കുഞ്ഞ് നിരന്തരം പീഡനം നേരിട്ടിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ഈ വിവരങ്ങളും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
അഖിലയുടെ ആദ്യ ഭർത്താവായ അഖിൽ, അഖില മൂന്ന് മാസം ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് അഖില അഷ്കറുമായി അടുപ്പത്തിലായതായാണ് വിവരം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ അന്വേഷണം തുടരുകയാണ്.
What's Your Reaction?



