അഞ്ചുനില കെട്ടിടം തകർന്നുവീണു; ദക്ഷിണ ഡൽഹിയിൽ നിരവധി പേർ കുടുങ്ങിയിരിക്കാമെന്ന് സംശയം
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി മേഖലയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ സംഭവത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. ഇതുവരെ നാല് പേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തതായി റിപ്പോർട്ടുകളുണ്ട്. വൈകിട്ട് 7.44 ഓടെയാണ് കെട്ടിടം തകർന്നുവീണ വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. കൂടുതൽ അഗ്നിശമനസേനാ യൂണിറ്റുകളും ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാദൗത്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും രംഗത്തുണ്ട്.
അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കെട്ടിടം തകരുന്നതിന് തൊട്ടുമുമ്പ് വലിയ ശബ്ദം കേട്ടതായും പിന്നാലെ പ്രദേശമാകെ പൊടിപടലങ്ങൾ നിറഞ്ഞതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു.
What's Your Reaction?



