'ഇനി വേദനയില്ലാത്ത ലോകത്ത്', ഇന്ത്യയിലെ ആദ്യ ദയാവധം; ഹരീഷ് റാണ വിടവാങ്ങി
തലയ്ക്കേറ്റ ഗുരുതര പരിക്കിനെത്തുടർന്ന് ചലനമറ്റ നിലയിലായിരുന്ന ഹരീഷിന് നൽകിയിരുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ എയിംസിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ വെച്ചാണ് പിൻവലിച്ചത്
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിടവാങ്ങി. 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷിന്റെ ചികിത്സ പിൻവലിക്കാൻ ഈ മാസം 11-നാണ് സുപ്രീം കോടതി അനുമതി നൽകിയത്.
തലയ്ക്കേറ്റ ഗുരുതര പരിക്കിനെത്തുടർന്ന് ചലനമറ്റ നിലയിലായിരുന്ന ഹരീഷിന് നൽകിയിരുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ എയിംസിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ വെച്ചാണ് പിൻവലിച്ചത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രവിധി പുറപ്പെടുവിച്ചത്.
2013 ഓഗസ്റ്റ് 20 ന് ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. ഇതോടെ ഹരീഷ് പൂർണ്ണമായും അബോധാവസ്ഥയിലായി. കഴിഞ്ഞ 13 വർഷമായി കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതെ കിടപ്പിലായിരുന്നു. വയറ്റിൽ ഘടിപ്പിച്ച ട്യൂബിലൂടെയാണ് പോഷകങ്ങളും മരുന്നും നൽകിയിരുന്നത്.
ഹരീഷിന്റെ മാതാപിതാക്കളുടെ ദീർഘനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് 'നിഷ്ക്രിയ ദയാവധത്തിന്' കോടതി അനുമതി നൽകിയത്. കേസിന്റെ എല്ലാ വശങ്ങളും പഠിച്ച ശേഷമായിരുന്നു നടപടി. ഹരീഷിന്റെ നില മെച്ചപ്പെടാൻ സാധ്യതയില്ലെന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെയും എയിംസിലെയും മെഡിക്കൽ ബോർഡുകൾ റിപ്പോർട്ട് നൽകിയിരുന്നു.
അഭിഭാഷകയായ രശ്മി നന്ദകുമാറിനെയും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയെയും ഹരീഷിന്റെ വീട്ടിലയച്ച് കോടതി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. 'നിഷ്ക്രിയ ദയാവധം' എന്നതിന് പകരം 'ചികിത്സ പിൻവലിക്കൽ' എന്ന പദമാണ് വിധിയിൽ കോടതി ഉപയോഗിച്ചത്. കുഴൽ വഴി നൽകുന്ന പോഷകങ്ങളും ജലാംശവും (CANH) പിൻവലിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
എയിംസിലെ പ്രത്യേക പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് മാറ്റിയ ശേഷമാണ് ചികിത്സകൾ പിൻവലിച്ചത്. മരണസമയത്ത് മാതാവിന് മാത്രമായിരുന്നു ഹരീഷിനൊപ്പം തുടരാൻ അനുമതി ഉണ്ടായിരുന്നത്. 13 വർഷത്തെ വേദനകൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ ഹരീഷ് റാണ ശാന്തമായി യാത്രയായി.
What's Your Reaction?