എഐ വഴി ശബ്ദം ക്ലോൺ ചെയ്യുന്നു; വ്യാജ വീഡിയോകൾക്കെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ
തന്റെ വ്യക്തിപരമായ അവകാശങ്ങളെ അഞ്ച് രീതിയിൽ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നുണ്ടെന്ന് മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: തന്റെ ശബ്ദവും രൂപവും അനുവാദമില്ലാതെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ. ശബ്ദം ക്ലോൺ ചെയ്തും വ്യാജ വീഡിയോകൾ നിർമ്മിച്ചും നടത്തുന്ന പ്രചാരണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹർജി നൽകിയത്.
തന്റെ വ്യക്തിപരമായ അവകാശങ്ങളെ അഞ്ച് രീതിയിൽ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നുണ്ടെന്ന് മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയുടെ (Meta) അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
മോഹൻലാലിന്റെ ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാം എന്ന് പഠിപ്പിക്കുന്ന വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകൾ വഴി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നടനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബോഡി ഷെയ്മിംഗ് പോസ്റ്റുകളും വ്യാപകമാണ്.
ക്ലോൺ ചെയ്ത ശബ്ദം ഉപയോഗിച്ച് നാളെ ആരെങ്കിലും തട്ടിപ്പ് നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും താൻ തന്നെ അതിന് മറുപടി പറയേണ്ടി വരില്ലേ എന്നും ലാൽ ഹർജിയിലൂടെ ചോദിക്കുന്നു. ഗൂഗിളിലും മെറ്റയിലുമുള്ള നിരവധി ലിങ്കുകൾ തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാ താരങ്ങളുടെ പേരും രൂപവും ശബ്ദവും അവരുടെ അനുവാദമില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കോ അധിക്ഷേപിക്കാനോ ഉപയോഗിക്കുന്നത് തടയുന്ന മുൻ ഉത്തരവുകൾ പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്.
What's Your Reaction?