ചോറുകൊടുക്കുന്നതിനിടെ മരിച്ച കുഞ്ഞ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സ്ഥിരീകരണം

May 30, 2026 - 22:18
May 30, 2026 - 22:19
 0
ചോറുകൊടുക്കുന്നതിനിടെ മരിച്ച കുഞ്ഞ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സ്ഥിരീകരണം

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ മരണത്തിന് കാരണം തുടർച്ചയായ മർദനമാണെന്നാണ് റിപ്പോർട്ടിലെ നിർണായക കണ്ടെത്തൽ. ആന്തരിക അവയവങ്ങളിൽ ഗുരുതരമായ രക്തസ്രാവം ഉണ്ടായതായും പരിശോധനയിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്‌കറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെടുമങ്ങാട് സ്വദേശികളായ ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ നടന്ന ഇൻക്വസ്റ്റിൽ കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അഷ്‌കർ കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ ഛർദിച്ചതായും തുടർന്ന് ആശുപത്രിയിലെത്തിച്ചതായും അറിയിച്ചത്. പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്നായിരുന്നു അഷ്‌കറിന്റെ വിശദീകരണം.

സംഭവസമയത്ത് കുഞ്ഞിന്റെ അമ്മ അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്കായി പോയിരുന്നതായും വിവരമുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത നെടുമങ്ങാട് പൊലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണം കൊലപാതകത്തിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow