വിദ്യാർത്ഥിയുടെ മരണം: എച്ച്ഒഡിക്കെതിരെ ജാതി അധിക്ഷേപ ആരോപണം; 'തെരുവ് പട്ടിയെന്ന് വിളിച്ചു'
വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ നിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും രംഗത്ത്. ഡിപ്പാർട്ട്‌മെന്റ് മേധാവിയിൽ നിന്ന് നിതിൻ നിരന്തരം മാനസിക പീഡനവും ജാതി അധിക്ഷേപവും നേരിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ നിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം ക്ലാസ് മുറിയിൽ വെച്ച് നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയും പ്രാക്ടിക്കൽ പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇവിടുത്തെ പതിവാണെന്നും പരാതിയുണ്ട്.
നിതിനെ ക്ലാസ് മുറിയിൽ വെച്ച് 'തെരുവ് പട്ടി' എന്ന് വിളിച്ച് എച്ച്ഒഡി അധിക്ഷേപിച്ചിരുന്നുവെന്നും ജാതിപരമായ കടന്നാക്രമണങ്ങൾ നിതിൻ നേരിട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോ. റാം മുൻപും സമാനമായ പരാതികളിൽ സസ്പെൻഷൻ നേരിട്ട വ്യക്തിയാണെന്നും സൂചനയുണ്ട്.
ഒരു ഡോക്ടറാവുക എന്നത് നിതിന്റെ വലിയ സ്വപ്നമായിരുന്നുവെന്നും അതിനായി കഠിനമായി പരിശ്രമിച്ചിരുന്ന നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സുഹൃത്തുക്കൾ ഉറപ്പിച്ചു പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
What's Your Reaction?