വിജ്ഞാപനം മാർച്ച് പകുതിയോടെ; കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും
ദില്ലി: കേരളമുൾപ്പെടെയുള്ള 4 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏപ്രിൽ മാസത്തിൽ വിവിധ തീയതികളിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന അഞ്ച് നിയമസഭകളുടെയും കാലാവധി മെയ്, ജൂൺ എന്നീ മാസങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ അവസാനിക്കും.
കേരള നിയമസഭയുടെ കാലാവധി മെയ് 23നാണ് അവസാനിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ കാലാവധി ജൂൺ 15ന് അവസാനിക്കും. അസം നിയമസഭയുടെ കാലാവധി മെയ് 20ന് അവസാനിക്കും. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 10നും, പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7നും അവസാനിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി സാഹചര്യം വിലയിരുത്തി വരികയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം നിലവിൽ അസമിൽ ഔദ്യോഗിക സന്ദർശനത്തിലാണ്.
മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പായിരുന്നു ഇത്. അസം രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തി. അതേ സമയം കേരളം,തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്.
What's Your Reaction?



