ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ
സെപ്തംബർ 24ന് വൈകുന്നേരം വീട്ടിൽ കളിക്കുന്നതിനിടെ വീണാണ് വിനോദിനി എന്ന പെൺകുട്ടിക്ക് കൈക്ക് പരിക്കേറ്റത്

പാലക്കാട്: പല്ലശ്ശന സ്വദേശിയായ ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ. ജൂനിയർ റെസിഡന്റ് ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോ. സർഫറാസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ചികിത്സാ പ്രോട്ടോക്കോൾ (Protocol) പാലിക്കുന്നതിൽ പ്രാഥമികമായി വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
സെപ്തംബർ 24ന് വൈകുന്നേരം വീട്ടിൽ കളിക്കുന്നതിനിടെ വീണാണ് വിനോദിനി എന്ന പെൺകുട്ടിക്ക് കൈക്ക് പരിക്കേറ്റത്. തുടർന്ന് കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ കൈയിൽ മുറിവും പൊട്ടലും ഉണ്ടായിരുന്നു.
കുട്ടിയുടെ കൈയിലെ മുറിവിൽ മരുന്നുകെട്ടി അതിനു മുകളിൽ പ്ലാസ്റ്റർ ഇട്ടെന്നാണ് കുടുംബത്തിൻ്റെ പ്രധാന പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർമാർ അത് കാര്യമാക്കിയില്ല. വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്ലാസ്റ്റർ അഴിച്ച് പരിശോധിച്ചത്. അപ്പോഴേക്കും കൈയിലെ മുറിവ് പഴുത്ത് ഗുരുതരമായ അവസ്ഥയിലായിരുന്നു.
കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
What's Your Reaction?






