അനന്തപുരി ആര്‍ക്കൊപ്പം? പ്രവചനാതീതമായി പോളിങ് ;കോട്ടകള്‍ വിറപ്പിച്ച് വോട്ടിങ് ശതമാനം

Apr 12, 2026 - 12:12
Apr 12, 2026 - 12:12
 0
അനന്തപുരി ആര്‍ക്കൊപ്പം?  പ്രവചനാതീതമായി പോളിങ് ;കോട്ടകള്‍ വിറപ്പിച്ച് വോട്ടിങ് ശതമാനം

തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. നേമം, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന്റെ വീറും വാശിയും പ്രകടമായപ്പോൾ, പകുതിയോളം സീറ്റുകളിൽ പ്രവചനാതീതമായ വോട്ടിങ് നിലയാണ് നിലനിൽക്കുന്നത്. നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും ഒരുപോലെ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നൽകുന്ന ആത്മവിശ്വാസത്തിലാണ് രാജീവ് ചന്ദ്രശേഖറും ബിജെപി ക്യാമ്പും. എന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകോപനവും കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ശതമാനം ഉയർന്നതും തങ്ങളെ തുണയ്ക്കുമെന്ന് വി. ശിവൻകുട്ടിയും എൽഡിഎഫും വിശ്വസിക്കുന്നു. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തും കെ. മുരളീധരനും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ, നഗര കേന്ദ്രങ്ങളിലെ വോട്ടുകൾ ആർ. ശ്രീലേഖയിലൂടെ ബിജെപി പിടിക്കുമോ എന്ന ആശങ്കയും ഇരുമുന്നണികൾക്കുമുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിൽ സി.പി ജോൺ എത്തിയതോടെ യുഡിഎഫിന് വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. തീരദേശ വോട്ടുകൾ ആന്റണി രാജുവിൽ നിന്ന് അകന്ന് യുഡിഎഫിലേക്ക് ചാഞ്ഞതായാണ് പ്രാഥമിക സൂചനകൾ. പാറശ്ശാല, ആറ്റിങ്ങൽ, നെടുമങ്ങാട് തുടങ്ങിയ എൽഡിഎഫ് കോട്ടകൾ ഇത്തവണയും സുരക്ഷിതമാകാനാണ് സാധ്യത. എന്നാൽ വർക്കലയിൽ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥിയായെത്തിയതും ചിറയിൻകീഴിൽ രമ്യാ ഹരിദാസിന്റെ സാന്നിധ്യവും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഭൂരിപക്ഷത്തിൽ ഇടിവുണ്ടായാലും മിക്ക മണ്ഡലങ്ങളും നിലനിർത്താനാകുമെന്ന് എൽഡിഎഫ് കരുതുമ്പോൾ, വോട്ടിങ് ശതമാനത്തിലുണ്ടായ വൻ വർധനവ് ഭരണവിരുദ്ധ വികാരമാണെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും കണക്കുകൂട്ടൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow