''എന്നെ പുഴുത്ത പട്ടി എന്ന് വിളിച്ചു; കൈകാലുകള്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി, കണ്ണൂരില്‍ മരിച്ച നിതിന്‍ രാജിന്റെ നടുക്കുന്ന ശബ്ദസന്ദേശം പുറത്ത്

Apr 12, 2026 - 13:57
Apr 12, 2026 - 13:57
 0
''എന്നെ പുഴുത്ത പട്ടി എന്ന് വിളിച്ചു; കൈകാലുകള്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി, കണ്ണൂരില്‍ മരിച്ച നിതിന്‍ രാജിന്റെ  നടുക്കുന്ന ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കാമ്പസിലെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് നേരിട്ടിരുന്ന അതിക്രൂരമായ മാനസിക പീഡനങ്ങളുടെ തെളിവുകൾ പുറത്ത്. മരണത്തിന് മുൻപ് നിതിൻ സുഹൃത്തിന് അയച്ച ശബ്ദസന്ദേശങ്ങളാണ് ഇപ്പോൾ കോളജ് അധികൃതരെയും അധ്യാപകരെയും പ്രതിക്കൂട്ടിലാക്കുന്നത്. ജാതി അധിക്ഷേപത്തിന് പുറമെ, ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണിയും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായെന്ന് നിതിൻ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

അധ്യാപകർ കൂട്ടംചേർന്ന് മാനസികമായി തകർക്കുന്ന രീതിയെക്കുറിച്ച് നിതിൻ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്. "നമ്മുടെ സ്റ്റാഫ് റൂം എന്ന് പറഞ്ഞാൽ എല്ലാവരും കൂടി ചേർന്ന് ആക്രമിക്കുന്ന സ്ഥലമാണ്. സ്റ്റാഫ് റൂമിൽ നിന്നിറങ്ങി ഞാൻ ഒരുപാട് നടന്നിട്ടുണ്ട്. എന്റെ മുഖത്ത് നോക്കി നീ ഒരു 'ഇഡിയറ്റ്' ആണെന്ന് അവർ പറഞ്ഞു. തിരിച്ച് ഞാനും പറഞ്ഞു. അതോടെ അവർക്ക് എന്നോട് പകയായി"– നിതിൻ പറയുന്നു.

അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയരുന്നത്.

"ഗേറ്റിന് പുറത്തിറങ്ങിയാൽ നിന്റെ കൈയും കാലും വെട്ടും. കൈകളില്ലാതെ നീ പിന്നെ എങ്ങനെ ജീവിക്കുമെന്ന് നോക്കട്ടെ" എന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായി നിതിൻ വെളിപ്പെടുത്തി.

നിതിന്റെ അമ്മയുടെ ശസ്ത്രക്രിയയെയും കുടുംബസാഹചര്യത്തെയും അധ്യാപകർ ക്ലാസിനിടയിൽ എഴുന്നേൽപ്പിച്ച് നിർത്തി പരിഹസിച്ചു.

"നിന്റെ മൂന്ന് മാർക്ക് ഞാൻ കുറച്ചിട്ടുണ്ട്, ഇത് പോയി നിന്റെ പേരെന്റ്സിന് സർപ്രൈസ് ആയി കൊടുത്തേക്ക്" എന്ന് അധ്യാപകൻ പറഞ്ഞത് തന്നെ ഏറെ തളർത്തിയെന്നും നിതിൻ സുഹൃത്തിനോട് പറയുന്നുണ്ട്.

നിതിന്റെ മരണത്തിന് പിന്നാലെ കുടുംബം ഉന്നയിച്ച 'പുഴുത്ത പട്ടി' വിളിയും ജാതി അധിക്ഷേപവും ശരിവെക്കുന്നതാണ് ഈ ശബ്ദസന്ദേശങ്ങൾ. സംഭവത്തിൽ ആരോപണവിധേയരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്താനുമാണ് പോലീസ് നീക്കം.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് മെറിറ്റ് സീറ്റിലാണ് ഇവിടെ അഡ്മിഷൻ നേടിയത്. മകന്റേത് ആത്മഹത്യയല്ല, അധ്യാപകർ ചേർന്ന് നടത്തിയ കൊലപാതകമാണെന്നാണ് പിതാവ് രാജൻ ആരോപിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow