കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ജി.സി.ഡി.എയുടെ പരാതി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്‌തതായും എഫ്ഐആറിൽ പറയുന്നുണ്ട്

Oct 30, 2025 - 11:30
Oct 30, 2025 - 11:31
 0
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ജി.സി.ഡി.എയുടെ പരാതി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന ജി.സി.ഡി.എയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനും എതിരെയാണ് കേസ്. സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്‌തതായും എഫ്ഐആറിൽ പറയുന്നുണ്ട്.

മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലാണ് അതിക്രമിച്ചു കയറിയതെന്നായിരുന്നു ജിസിഡിഎയുടെ പരാതി. അർജൻ്റീനയുടെ മത്സരം നടത്താനായി കലൂർ രാജ്യാന്തര സ്റ്റേഡിയം നവീകരണത്തിന് വിട്ടുനൽകിയതിലെ വ്യക്തതയില്ലായ്മ തുടരുകയാണ്. സ്റ്റേഡിയം നവീകരണത്തിനായി തൃകക്ഷി കരാറുണ്ടെന്ന് ജിസിഡിഎ ചെയർമാൻ പറയുന്നുണ്ടെങ്കിലും, അത് ആരൊക്കെ തമ്മിലാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.

അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്: മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കായിക മന്ത്രിയെ നയിക്കുന്നത് കച്ചവട താത്പര്യങ്ങളാണെന്നും സ്പോൺസർക്ക് വേണ്ടി പണം ഇറക്കിയത് ചിട്ടി കമ്പനി മുതലാളിയാണെന്നും എം.പി. ഹൈബി ഈഡൻ ആരോപിച്ചു.

വിവാദങ്ങൾ കത്തിനിൽക്കെ, സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ പൂർണ്ണമായ മേൽനോട്ടം ഇന്ന് (വ്യാഴാഴ്ച) മുതൽ ജി.സി.ഡി.എ. ഏറ്റെടുക്കും. എക്‌സിക്യൂട്ടീവ് യോഗം നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും സ്റ്റേഡിയം സന്ദർശിക്കും. ഇവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും ഇനി നവീകരണ പ്രവർത്തനങ്ങൾ നടക്കുക. നിലവിലെ കരാർ അനുസരിച്ച് നവംബർ 30-നകം സ്റ്റേഡിയം നവീകരിച്ച് ജി.സി.ഡി.എക്ക് കൈമാറണം.

What's Your Reaction?

like

dislike

love

funny

angry

sad

wow