'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല, ശത്രുക്കളുമല്ല'; റോയിയുടെ മരണശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആദ്യ വാർത്താസമ്മേളനം
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കമ്പനി നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സിജെ റോയിയെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും അവർ കമ്പനിയുടെ ശത്രുക്കളല്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ. ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ടിഎ ജോസഫ് പറഞ്ഞു. അങ്ങനെ ആരെങ്കിലും അധിക്ഷേപിച്ചാൽ കണ്ടുനിൽക്കുന്ന ആളല്ല റോയിയും ഞാനും. സാധാരണ നടപടികളുടെ ഭാഗമായുള്ള പരിശോധന മാത്രമാണ് നടന്നത്. ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന നടത്താറുള്ളതുപോലെ തന്നെയാണിതും. പരിശോധനകളുമായി കമ്പനി പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിജെ റോയിയുടെ മരണത്തിന് പിന്നാലെ കുടുംബത്തെ തകർക്കുന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ചില യൂട്യൂബർമാർക്കെതിരെ എംഡി കടുത്ത ഭാഷയിൽ പ്രതികരിച്ചു. മരിച്ചയാളെ പോലും ഇത്തരത്തിൽ വേട്ടയാടുന്നത് മ്ലേച്ഛമാണെന്നും, തെറ്റായ കാര്യങ്ങൾ ആഘോഷിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാര മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
What's Your Reaction?