തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ സസ്പെൻഷനാണ് റദ്ദാക്കിയത്. ഇന്ന് ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. രജിസ്ട്രാരെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്.
ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി റദ്ദാക്കിയത്. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും ഡോ. സിസ തോമസ് പറഞ്ഞു.