തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഭിഭാഷകൻ ഷിന്‍റോയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. ലൈംഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകിയിരുന്നില്ല. മാധ‍്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്.
വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. രാഹുലിനെതിരേ 13 ഓളം പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ടെങ്കിലും ലൈംഗികാരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതികൾ നൽകിയിട്ടുണ്ടായിരുന്നില്ല.പരാതിയുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ നൽകിയാൽ അന്വേഷണസംഘത്തിന് നിർണായകമാവും.