കൊല്ലം: സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ 14000 സ്‌കൂളുകളിലാണ് ഓഡിറ്റ് നടത്തുന്നത്. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. അതിന്റെ ഭാഗമായി സമയബന്ധിത പരിപാടിക്ക് രൂപം നല്‍കും.
ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു ജില്ലയില്‍ ഏഴുസംഘങ്ങളാണ് പരിശോധന നടത്തുക. പരിശോധന നിരീക്ഷിക്കാന്‍ വിദ്യഭ്യാസവകുപ്പിന്റെ വിജിലന്‍സ് സംഘത്തേയും നിയോഗിക്കും. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങ്ങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. അടുത്ത മാസം പന്ത്രണ്ടിന് ചേരുന്ന സുരക്ഷാസമിതി യോഗത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം കൊല്ലം തേവലക്കരയില്‍ സ്‌കൂളിലെ മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ മിഥുന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്‌മെന്റ് ജോലി നല്‍കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്.